അരുവിക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുമുന്നണിയിലെ കക്ഷികളുടെ സംസ്ഥാന സെക്രട്ടറിമാരെയാണ് കൺവൻഷന് ക്ഷണിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന് ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ പാർട്ടി പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, അരുവിക്കരയിലെ ഇടതുമുന്നണി കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒഴിവാക്കിയ നടപടിയിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. പൊതുയോഗങ്ങളിൽ പങ്കെടുക്കേണ്ടവരെ പ്രാദേശിക നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, അരുവിക്കരയിൽ വി.എസ്. അച്യുതാനന്ദൻ പ്രചരണത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ പ്രതികരിച്ചിരുന്നു. വിഎസ് പ്രചാരണത്തിന് എത്തില്ലെന്നത് അബദ്ധധാരണയാണ്. സ്ഥാനാർഥിയായ ശേഷം നിരവധി തവണ അദ്ദേഹത്തെ കണ്ടിരുന്നു. വിഎസ് ഉൾപ്പെട്ടെ ടീമാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്. ഏതെങ്കിലും ഒരു യോഗത്തിന്റെ കാര്യമല്ല ഉദ്ദേശിച്ചത്. മൊത്തം പ്രചരണത്തിന്റെ കാര്യമാണെന്നും വിജയകുമാർ പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. എൽഡിഎഫ് സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രൻ, സി.ദിവാകരൻ, മാത്യു ടി. തോമസ്, നീലലോഹിതദാസൻ നാടാർ, ഉഴവൂർ വിജയൻ, സ്കറിയ തോമസ്, വി.സുരേന്ദ്രൻ പിള്ള, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിനെത്തി സംസാരിക്കും.
0 comments:
Post a Comment