മലയോര മേഖലകളില്‍ വന്‍ ദുരന്ത സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കാലവര്‍ഷം ശക്തമായാല്‍ സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ വന്‍ ദുരന്ത സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറ ഖനനമേഖലകളിലും, മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലുമാണ് ദുരന്തസാധ്യത കൂടുതല്‍. ഇതിനുപുറമെ മലയോര മേഖലകളിലെ ഭൂരിഭാഗം ജനവാസ കേന്ദ്രങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സംസ്ഥാന ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കാലവര്‍ഷക്കാലത്ത് വലിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളത്. ദുരന്തങ്ങള്‍ തടയാന്‍ റവന്യൂ വകുപ്പടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ജനവാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ അടച്ചിടണം. മുമ്പ് ഉരുള്‍പൊട്ടലുണ്ടായ ജനവാസ മേഖലകളില്‍ ഇപ്പോഴും അതെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കടലോര കൈയ്യേറ്റങ്ങള്‍ തീരപ്രദേശത്ത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. പലയിടങ്ങളിലും മഴവെള്ളം ശരിയായി ഒഴുകിപോവാന്‍ പോലും സംവിധാനമില്ല. അതീവ അപകടമേഖലകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി താമസിപ്പിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും തന്നെ താഴെ തട്ടില്‍ നടപ്പായിട്ടില്ല എന്നാണ് സൂചന. മഴക്കാലമെത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്കാവും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുക.

0 comments:

Post a Comment