ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നയിക്കുന്ന മന്ത്രിസഭയിലെ ഭക്ഷ്യ സുരക്ഷാ വകുപ്പു മന്ത്രിയാണ് ഗാമിനി ജയവിക്രമ പെരേര. സർക്കാരിനെ നയിക്കുന്നത് പ്രസിഡന്റ് മൈത്രിപാല സരിസേനയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയിൽ നിന്നും മുൻപ്രസിഡന്റ് രാജപക്‌സെയെ തള്ളി പുറത്തുവന്ന ഒരു വിഭാഗവും, റെനിൽ വിക്രമസിംഗെ നയിക്കുന്ന യുണൈറ്റഡ് നാഷണൽ പാർട്ടിയും ഒരുമിച്ച് നേതൃത്വം കൊടുക്കുന്ന സഖ്യകക്ഷി മുന്നണിയാണ്. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ മുൻ പ്രസിഡന്റ് കൂടിയായ ജയവിക്രമ പെരേര, പാർട്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വടക്കു-പടിഞ്ഞാറൻ പ്രവിശ്യാ മുഖ്യമന്ത്രി, പ്രാദേശിക വികസന വകുപ്പുമന്ത്രി, ജലസേചന മന്ത്രി എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള യു.എൻ.പി.യുടെ മുൻ ചെയർമാൻ കൂടിയാണ്. ശാന്തിഗിരി ആശ്രമത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ ഈയിടെ കേരളത്തിലെത്തിയ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.
രാജപക്‌സെ പ്രസിഡന്റായിരുന്നപ്പോൾ നടത്തിയെന്ന് ആരോപിക്കുന്ന അഴിമതിക്കെതിരെ വ്യാപകമായ പ്രചാരണം നടത്തിയാണല്ലോ പുതിയ സർക്കാർ ശ്രീലങ്കയിൽ അധികാരത്തിലെത്തിയത്. ഏതെങ്കിലും അഴിമതി തെളിയിക്കാൻ ഈ സർക്കാരിനു സാധിച്ചിട്ടുണ്ടോ?
രാജപക്‌സെ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരൻമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ഉൾപ്പെട്ട ഒരു 'അഴിമതി കോക്കസായി"രുന്നു അന്ന് ഭരണം നിയന്ത്രിച്ചിരുന്നത്. രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ മറവിൽ രാജപക്‌സെയും കുടുംബാംഗങ്ങളും അഴിമതിയിലൂടെ ധനസമ്പാദനം നടത്തുകയായിരുന്നു. പ്രധാനമായി ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളെല്ലാം അഴിമതി അന്വേഷണ കമ്മീഷന്റെ പരിഗണനയിലാണ്.രാജപക്‌സെയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഗോട്ടാബ രാജപക്‌സെയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല അന്വേഷണം അവസാനിക്കുന്നതുവരെ ഗോട്ടാബയും മറ്റു മൂന്നുപേരും രാജ്യം വിട്ടുപോകരുതെന്നും നിർദ്ദേശിച്ച കോടതി ഇവരുടെ പാസ്‌പോർട്ടും കണ്ടുകെട്ടിയിട്ടുണ്ട്. ഇവരെല്ലാം ഇപ്പോൾ വിവിധ കോടതികളിലും കമ്മീഷനുകളിലും കയറി ഇറങ്ങുകയാണ്.
അധികാര കേന്ദ്രീകരണത്തിനും, പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്നാംവട്ടം മത്സരിക്കാനുമായി രാജപക്‌സെ നടത്തിയ ഭരണഘടനാ ഭേഭഗതികൾ റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം പ്രാവർത്തികമാക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചോ?
ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി നടപ്പിലാക്കുവാനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽചേർന്ന പാർലമെന്റ് സമ്മേളനത്തിൽ, 19-ാം ഭരണഘടനാ ഭേദഗതി വമ്പിച്ച ഭൂരിപക്ഷത്തോടെ പാസാക്കി. 225 അംഗ പാർലമെന്റിൽ 12 മണിക്കൂർ തുടർച്ചയായി ചർച്ച ചെയ്താണ് ഈ ഭരണഘടനാ ഭേദഗതി ബിൽ 212 പേരുടെ ഭൂരിപക്ഷ വോട്ടോടെ പാർലമെന്റ് പാസാക്കിയത്. ഭേദഗതിക്കു മുമ്പ് നിലവിലുണ്ടായിരുന്നതുപോലെ പ്രസിഡന്റിന്റെ കാലാവധി 6 വർഷത്തിൽ നിന്നും 5 വർഷമായി കുറച്ചു. മാത്രമല്ല, പ്രസിഡന്റായി ഇരിക്കുന്നയാൾക്ക് രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ സാധിക്കില്ലെന്ന നിബന്ധനയും തിരികെ കൊണ്ടുവന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം പൂർത്തിയായി കഴിഞ്ഞാൽ പാർലമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റിന്റെ അധികാരവും ഞങ്ങൾ റദ്ദാക്കി.
ഭരണഘടനാ കൗൺസിൽ പുനഃസ്ഥാപിക്കാനും, വിവിധ കമ്മിഷനുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരവും പുനഃസ്ഥാപിച്ചു. എക്സിക്യൂട്ടീവ് പ്രസിഡന്റ് സ്ഥാനം മാറ്റി കാബിനറ്റ് സിസ്റ്റം നടപ്പിലാക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നെങ്കിലും, ഇക്കാര്യത്തിൽ റഫറണ്ടം നടത്തിയശേഷം മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂയെന്ന് സുപ്രീംകോടതിയുടെ വിധി വന്നതിനാൽ, അതിൽ മാത്രം ഞങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ സർക്കാർ ഇന്ത്യയേക്കാൾ ചൈനയോട് കൂടുതൽ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നതായി, ഒരു അഭിപ്രായം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സിരിസേന സർക്കാരിന്റെ നിലപാടെന്താണ്?
ഞങ്ങൾ ഏതെങ്കിലും പക്ഷം ചേർന്നു പ്രവർത്തിക്കുന്നവരല്ല, ഇന്ത്യയുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ബുദ്ധമതം ശ്രീലങ്കയിലെത്തിയത് ഇന്ത്യയിൽ നിന്നുമാണ്. ആ ഒരു ബന്ധം ഞങ്ങൾ കാത്തു സൂക്ഷിക്കും. എന്നാൽ ചൈനയുമായി വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിൽ യാതൊരു വിയോജിപ്പുമില്ല. ഇന്ത്യയുമായും, ചൈനയുമായും നല്ല ബന്ധത്തിൽ പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
തമിഴ് ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ നിലപാടെന്താണ്?
തമിഴ് ഭാഷ സംസാരിക്കുന്നവരും ശ്രീലങ്കൻ പൗരൻമാരാണ്. അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകളും തെറ്റിദ്ധാരണകളുമാണ് തമിഴ് ന്യൂനപക്ഷവും ഭൂരിപക്ഷമായ സിംഹളരുമായി അകൽച്ചയുണ്ടാക്കിയത്. തമിഴ് ന്യൂനപക്ഷത്തിനും അർഹമായ പരിഗണന നൽകണമെന്നതാണ് സിരിസേന സർക്കാരിന്റെ നയം.
തമിഴ് ന്യൂനപക്ഷത്തിന്റെ വിശ്വാസമാർജിക്കാൻ സർക്കാർ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളത്?
സിരിസേന പ്രസിഡന്റും, വിക്രമസിംഗെ പ്രധാനമന്ത്രിയുമായശേഷം, ആദ്യം എടുത്ത നടപടി വടക്കൻ പ്രവിശ്യയിലെ സൈനിക ഗവർണറെ മാറ്റുകയെന്നതായിരുന്നു. പകരം വിദേശകാര്യ സർവീസിൽ നിന്നും വിരമിച്ച പലിഹക്കരയെ നിയമിച്ചു. പ്രവിശ്യാ മുഖ്യമന്ത്രി പ്രസ്തുത ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് അങ്ങിനെയൊരു നടപടി എടുത്തത്. മാത്രമല്ല കാൽനൂറ്റാണ്ടിനു ശേഷം ആദ്യമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തമിഴ് വംശജനായ ശ്രീപവനെ നിയമിച്ചു. പ്രതിരോധ സേനയുടെ കൈവശത്തിലിരിക്കുന്നതും, മുമ്പ് ശ്രീലങ്കൻ പട്ടാളം വടക്കൻ പ്രവിശ്യയിലെ സ്വകാര്യ വ്യക്തികളിൽ നിന്നും പിടിച്ചെടുത്തതുമായ സ്ഥലം തിരികെ അതിന്റെ ഉടമസ്ഥർക്കു തന്നെ നൽകാനും സർക്കാർ തുടക്കമിട്ടു. ഇത്തരം നടപടികൾ തമിഴ് വംശജരുടെ വിശ്വാസം നേടാൻ സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
കേരളത്തെ അങ്ങ് എങ്ങിനെയാണ് കാണുന്നത്?
കേരളത്തിൽ ഞാൻ ആദ്യമായാണ് വരുന്നത്. ശ്രീലങ്കയെപോലെ മനോഹരമാണ് കേരളം. വിനോദസഞ്ചാര മേഖലയിൽ ശ്രീലങ്ക വളരെ മുന്നേറിയിട്ടുണ്ട്. ഞങ്ങളുടെ വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ് വിനോദ സഞ്ചാര മേഖലയാണ്. ഇക്കാര്യത്തിൽ കേരളവുമായി സഹകരിക്കാൻ ശ്രീലങ്കയ്ക്കു താല്പര്യമുണ്ട്. ഇവിടത്തെ ആയുർവേദ ചികിത്സാ രീതിയെപ്പറ്റിയും ധാരാളം കേട്ടിട്ടുണ്ട്. ഈ രംഗത്തും സഹകരണത്തിന് സാദ്ധ്യതയുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനം വിശദീകരിക്കാമോ?
ന്യായവിലയ്ക്ക് ഭക്ഷ്യ വസ്തുക്കൾ ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന പൊതുവിതരണ സമ്പ്രദായം ശ്രീലങ്കയിൽ വളരെ ശക്തമാണ്. സഹകരണ പ്രസ്ഥാനങ്ങൾ വഴിയാണ് അവിടെ പൊതുവിതരണ സംവിധാനം പ്രവർത്തിക്കുന്നത്. മിച്ചം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഞങ്ങൾ കയറ്റുമതി ചെയ്യുന്നു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നും, നിങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും മറ്റിടങ്ങളിൽ നിന്നും കൊണ്ടുവരികയാണെന്നും ഇവയിലേറെയും വിഷമയമായ ഭക്ഷ്യ വസ്തുക്കളാണെന്നും മാദ്ധ്യമങ്ങളിൽ നിന്നും മനസിലാക്കി.
ശ്രീലങ്കയിൽ ഓർഗാനിക് കൃഷിയാണ് പ്രധാനമായുള്ളത്. കൃഷിയുക്തമായ ഭൂരിഭാഗം പ്രദേശത്തും സ്ഥലങ്ങളിലും ഓർഗാനിക് കൃഷിയാണ് ചെയ്യുന്നത്. ഓർഗാനിക് കൃഷിയിലൂടെ ലഭിക്കുന്ന അരി, തേയില, കുരുമുളക്, ഔഷധ സസ്യങ്ങൾ, മാങ്ങ, പച്ചക്കറികൾ തുടങ്ങിയവ ഞങ്ങൾ അമേരിക്ക, ജർമനി, ഫ്രാൻസ്, ജപ്പാൻ, ബ്രിട്ടൻ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു. കേരളത്തിന് ആവശ്യമെങ്കിൽ, ഓർഗാനിക് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള ഭക്ഷ്യോല്പന്നങ്ങൾ നൽകാൻ ഞങ്ങൾ തയ്യാറാണ്.
കേരളത്തിലെ സന്ദർശനത്തിനിടയിൽ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം?
ഞാൻ നേരത്തേ പറഞ്ഞതുപോലെ കേരളത്തിന്റെ മനോഹാരിതയാണ് കൂടുതൽ ആകർഷിച്ചത്. അതുകൊണ്ടാണ് വിനോദസഞ്ചര മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞത്. പക്ഷേ ഈ മനോഹാരിതയ്ക്കു കോട്ടമാകുന്ന ഒരു ഘടകമാണ് ചവർ സംസ്‌കരണത്തിന്റെ അഭാവം. ഇക്കാര്യത്തിൽ കേരളം കൂടുതൽ ശ്രദ്ധിക്കണമെന്നാണ് എനിക്കു തോന്നിയത്.
Home »
» വിഷമയമല്ലാത്ത ഭക്ഷ്യോല്പന്നങ്ങൾ കേരളത്തിനു നൽകാൻ ശ്രീലങ്ക തയ്യാർ
0 comments:
Post a Comment