പൊള്ളാച്ചി: വളഞ്ഞുപുളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകളും കോടമഞ്ഞും നിറഞ്ഞ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണം. സഹ്യപര്‍വത നിരകളിലെ നയനാനന്ദകരമായ കാഴ്ചയാണ് വാല്‍പാറ ഏതൊരു സഞ്ചാരപ്രിയനും സമ്മാനിക്കുന്നത്. സഞ്ചാരികള്‍ പ്രവഹിക്കുമ്പോഴും വാല്‍പ്പാറയിലെ ജനസംഖ്യ കുറയുകയാണ്. പതിനഞ്ചു വര്‍ഷം കൊണ്ടു ഇരുപത്തയ്യായിരത്തിലേറെ ജനങ്ങളാണ് വാല്‍പ്പാറയിലെ കുന്നുകളില്‍നിന്ന് കുടിയിറങ്ങിയത്.
ദശാബ്ദങ്ങളായി വാല്‍പാറയില്‍ താമസിച്ചിരുന്നവരാണ് കുടിയൊഴിയുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ വിവിധ തേയിലത്തോട്ടങ്ങളില്‍ ജോലി തേടി കുടിയേറിയവരുടെ അനന്തര തലമുറകളാണ് പിന്നീടുള്ള കാലം വാള്‍പ്പാറയില്‍ അധിവസിച്ചുപോന്നത്. തേയിലത്തോട്ടങ്ങള്‍ കുറഞ്ഞതും തൊഴിലവസരങ്ങളും കുറഞ്ഞതും വാള്‍പ്പാറയിലെ ജനങ്ങളുടെ വാസം ദുഷ്‌കരമാക്കി. പോരാത്തതിന് കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ജീവനു ഭീഷണിയുമായി. 1990നു ശേഷമാണ് വാല്‍പ്പാറനിവാസികള്‍ നാടിനോട് വിടപറഞ്ഞുതുടങ്ങിയത്.
2001 കാനേഷുമാരിയില്‍ 95107 ആയിരുന്നു വാല്‍പ്പാറയിലെ ജനസംഖ്യ. 2011 കാനേഷുമാരിയില്‍ അത് 70711 ആയി കുറഞ്ഞു. ഇപ്പോള്‍ അയ്യായിരത്തോളം പേര്‍ കൂടി വാല്‍പ്പാറയുടെ മലകള്‍ ഇറങ്ങി പുതിയ നാളുകള്‍ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്നു വാള്‍പ്പാറ നഗരസഭാ ചെയര്‍മാന്‍ വി സത്യവാണി മുത്തു പറയുന്നത്.
തേയിലത്തോട്ടങ്ങള്‍ നിറഞ്ഞുനിന്നനാളുകളില്‍ താഴ്‌വാരങ്ങളില്‍നിന്നു വാല്‍പ്പാറയിലേക്കു കുടിയേറ്റത്തിന്റെ നാളുകളായിരുന്നു. സ്വന്തമായുണ്ടായിരുന്ന കിടപ്പാടങ്ങള്‍ ഉപേക്ഷിച്ചാണ് പലരും തൊഴിലും താവളവും തേടി മല കയറിയത്. അക്കാലത്തൊന്നും ഒരു മൃഗവും കാടിറങ്ങിയിരുന്നില്ല. ഇന്നാകട്ടെ, സ്ഥിതി മാറി. പകല്‍ സമയത്തു പോലും വാല്‍പ്പാറയിലേക്കുള്ള വഴികളില്‍ മൃഗങ്ങള്‍ വിഹരിക്കുന്നതു പതിവായി. ഈ കാഴ്ചകള്‍ക്കു വേണ്ടിയാണ് വിവിധ ഇടങ്ങളില്‍നിന്നു വാള്‍പ്പാറയിലേക്കു സഞ്ചാരികള്‍ എത്തുന്നതെങ്കിലും ഇതേ സാഹചര്യം വാല്‍പ്പാറക്കാര്‍ക്കു ഭീഷണിയാവുകയാണ്.
പുലിയിറങ്ങുന്നതാണ് വാല്‍പ്പാറക്കാരുടെ ഉറക്കം കെടുത്തുന്നത്. ഏതു സമയവും മുന്നില്‍ കാട്ടുകൊമ്പന്‍ വന്നു നില്‍ക്കാവുന്ന സ്ഥിതിയാണ്. വളര്‍ത്തുമൃഗങ്ങളെ പുലി പിടിക്കുന്നതു പതിവു സംഭവമാണ്. തേയിലത്തോട്ടങ്ങളില്‍ രാത്രി ആനകയറി നാശം വരുത്തുന്നതും സ്ഥിരമായി. ഇതൊക്കെയും അതിജീവിച്ച് ജനങ്ങള്‍ കഴിഞ്ഞിരുന്നത് തൊഴിലുണ്ടെന്ന കാരണത്താലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി തൊഴിലും കുറഞ്ഞു. തേയിലയുടെ വില കുറഞ്ഞതോടെ പല തോട്ടങ്ങളും അടച്ചുപൂട്ടി. ഉള്ള തോട്ടങ്ങളിലാകട്ടെ കൂലിയും വളരെ കുറവ്. 215 രൂപയാണ് വാല്‍പ്പാറയിലെ തോട്ടങ്ങളിലെ ശരാശരി കൂലി.
തോട്ടങ്ങളില്‍ സൗജന്യ താമസം നല്‍കിയിരുന്നതാണ് തൊഴിലാളികളെ വാല്‍പ്പാറയിലേക്ക് ആകര്‍ഷിച്ചിരുന്ന മറ്റൊരു ഘടകം. എസ്റ്റേറ്റില്‍നിന്നു വിരമിക്കുന്നതോടെ ലഭിച്ചിരുന്ന വീടൊഴിയണമെന്ന കമ്പനികളുടെ നിബന്ധനയും പലരെയും വാല്‍പ്പാറയില്‍ നിന്ന് അകറ്റി. ജനങ്ങള്‍ സകുടിയൊഴിയാന്‍ തുടങ്ങിയതും തേയിലത്തോട്ടങ്ങള്‍ പലതും പൂട്ടിയതും ഹോട്ടല്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയെയും ബാധിച്ചു. ഇവയിലും പലതും അടുത്തകാലത്തായി പ്രവര്‍ത്തനം നിര്‍ത്തി. ഇവ നടത്തിയിരുന്നവരും പല നാടുകള്‍ തേടി. പുതിയ തലമുറയാകട്ടെ വാല്‍പ്പാറയിലെ തോട്ടങ്ങളിലെ പരമ്പരാഗത തൊഴിലുകളോട് അത്ര അനുകൂലമായ മനോഭാവമുള്ളവരല്ല. പലരും പൊള്ളാച്ചിയിലും ചാലക്കുടിയിലുമുള്ള കോളജുകളില്‍ ഉപരിപഠനത്തിനു പോവുകയും മറ്റു തൊഴിലുകള്‍ സ്വന്തമാക്കുകയും ചെയ്തു.
വാല്‍പ്പാറയില്‍ സര്‍ക്കാര്‍ കോളജുണ്ടെങ്കിലും ഭൂരിഭാഗംപേരും പൊള്ളാച്ചിയിലെയും ചാലക്കുടിയിലെയും കോളജുകളിലാണ് ഉപരിപഠനം നടത്തുന്നത്. ഗതാഗത സൗകര്യങ്ങളുടെയും ആശുപത്രികളുടെയും കുറവും ജനങ്ങളെ വാള്‍പ്പാറയൊഴിയാന്‍ പ്രേരിപ്പിച്ചതായി സാമൂഹിക ശാസ്ത്രജ്ഞനായ എന്‍ തിരുജ്ഞാനസംബന്ധം പറയുന്നു.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണെങ്കിലും ടൂറിസം വ്യവസായ രംഗത്തു വാല്‍പ്പാറ വികസിച്ചിട്ടില്ല. തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞ പ്രദേശത്തു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഹോട്ടല്‍ പോലും ഇന്നോളമായി വന്നിട്ടില്ല. ചില ഹോംസ്‌റ്റേകള്‍ മാത്രമാണ് ഇവിടെയുള്ളത്. ഹോംസ്‌റ്റേകളുടെ മറവില്‍ ചൂഷണമേറെയായതിനാല്‍ സഞ്ചാരികള്‍ അധികവും പൊള്ളാച്ചിയെയാണ് താമസത്തിനായി ആശ്രയിക്കുന്നത്. ടൂറിസം രംഗത്ത് നിരവധി സാധ്യതകളുണ്ടായിട്ടും അതു സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് വാള്‍പ്പാറയ്ക്ക് പ്രതീക്ഷ പകരുകയെന്നാണ് പ്രദേശത്ത് അവശേഷിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
0 comments:
Post a Comment