ഞങ്ങള്‍ക്ക് പഠിക്കണം; കോടതിയോട് യാചിച്ച് മാമലക്കണ്ടത്തെ കുട്ടികള്‍

കോതമംഗലം: അധ്യാപകനെ കിട്ടാനായി കുട്ടികള്‍ കോടതിയെ തേടിച്ചെല്ലുന്ന സംഭവം അപൂര്‍വമായിരിക്കും. എന്നാല്‍ പഠനം വഴിമുട്ടിയ മാമലക്കണ്ടത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ അവസാനത്തെ ആശ്രയമാകുകയാണ് കോടതി. അധ്യാപകരെ തരണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവിടത്തെ സ്‌കൂള്‍ കൂട്ടികള്‍.

മാതൃഭൂമി സീഡ് ക്ലബ്ബംഗവും സ്‌കൂള്‍ ലീഡറുമായ യദുകൃഷ്ണനാണ് അധ്യാപകനെ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇവിടത്തെ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കാത്തതാണ് ഇവിടെ പ്രശ്‌നമായത്.

കുട്ടമ്പുഴ പഞ്ചായത്തില്‍ വനാന്തരത്തില്‍ ഒറ്റപ്പെട്ട മലയോര ഗ്രാമമാണ് മാമലക്കണ്ടം. ഇവിടത്തെ ആദിവാസികള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വഴിതുറക്കുന്ന ഹൈസ്‌കൂളാണ് അധ്യാപകരില്ലാത്തതിനാല്‍ പൂട്ടേണ്ട അവസ്ഥയിലുള്ളത്. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ഇവിടത്തെ കുട്ടികളുടെ ഭാവി ഇരുളടയും.

കഴിഞ്ഞ അധ്യയന വര്‍ഷം അധ്യാപകരില്ലാത്തതിനാല്‍ പഠനം മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. അവസാനം പി.ടി.എ.യും നാട്ടുകാരും ചേര്‍ന്ന് താത്കാലിക അധ്യാപകരെ കൊണ്ടുവന്നാണ് ക്ലാസ് നടത്തിയത്. അധ്യാപകര്‍ക്കുള്ള വേതനം പി.ടി.എ. പിരിവെടുത്താണ് കൊടുത്തത്.

കൊടും വനത്തിലൂടെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് വേണമായിരുന്നു ഇവിടത്തെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ ചടങ്ങില്‍, അധ്യാപക തസ്തിക ഉടന്‍ സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനം പാഴ്വാക്കായി. ഒരു അധ്യയന വര്‍ഷം കഴിഞ്ഞ് അടുത്തത് തുടങ്ങാറായിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടാകാത്തതിനാലാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

പഠനം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സ്‌കൂളിലെ യദുകൃഷ്ണന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ''അധ്യാപകരെ കിട്ടാനായി ഞങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. കാണാത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമില്ല. തുടര്‍ന്ന് പഠിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് പലതവണ മേലധികാരികളെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. എല്ലാവരും ഓരോ ന്യായം പറഞ്ഞ് വര്‍ഷം ഒന്ന് കടന്നുപോയതു മാത്രം മിച്ചം.

ആദിവാസികളും കുറച്ച് നാട്ടുകാരും അടങ്ങുന്ന ഞങ്ങളുടെ സ്‌കൂളില്‍ അധ്യാപക നിയമനം ഇനിയും വൈകിയാല്‍ പഠനം ഇവിടെ വഴിമുട്ടും. അല്പം സാമ്പത്തിക ശേഷിയുള്ള വീടുകളിലെ കുട്ടികള്‍ മറ്റ് സ്‌കൂളുകള്‍ തേടുകയാണ്. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന എന്നെ പോലുള്ള കുറേ കുട്ടികള്‍ മാത്രം ബാക്കിയാവും. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന മൗലിക അവകാശം പോലും ഞങ്ങളുടെ മുമ്പില്‍ നിഷേധിക്കപ്പെടുകയാണ്' - യദുകൃഷ്ണന്റെ പരാതി നീളുന്നു. അധ്യാപകരെ തന്ന് സ്‌കൂളിനെ രക്ഷിക്കണമെന്ന അപേക്ഷയോടെയാണ് നിവേദനം അവസാനിപ്പിക്കുന്നത്.

0 comments:

Post a Comment