മുംബൈ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയിലെ നഴ്‌സായ അരുണ ഷാന്‍ബാഗിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി സോഹന്‍ലാല്‍ ഭര്‍ത്ത വാല്മീകി തന്റെ ചെയ്തികളെ പശ്ചാതാപത്തോടെ ഓര്‍ത്തെടുക്കുന്നു.
കഴിഞ്ഞ 42 വര്‍ഷമായി സോഹന്‍ലാല്‍ ഭര്‍ത്ത വാല്‍മീകിയുടെ ജീവിതം ഒരു പ്രായശ്ചിത്തമാണ്. ഓരോ ദിവസവും ചെയ്തുപോയ ക്രൂരപാതകത്തിന്റെ ഓര്‍മ്മയില്‍ തള്ളിനീക്കുകയാണ് ഇയാള്‍. ' എനിക്ക് വളരെയധികം പശ്ചാത്താപമുണ്ട്. ഞാന്‍ അരുണദീദിയോടും ദൈവത്തോടും മാപ്പിരക്കുന്നു.' സോഹന്‍ലാല്‍ പറയുന്നു. ' നോണ്‍വെജ് ഭക്ഷണവും ചീത്തശീലങ്ങളായ ബീഡിവലിയും കുടിയും ഞാനുപേക്ഷിച്ചു. എന്നെ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് എനിക്കൊരു മകളുണ്ടായിരുന്നു. ഞാന്‍ ജയിലില്‍ ആയിരിക്കുമ്പോഴാണ് അവള്‍ മരിക്കുന്നത്. എന്റെ തെറ്റുകാരണമാണ് അവള്‍ മരണപ്പെട്ടത്. ഞാന്‍ പുറത്തുവന്ന ഏറെ കാലങ്ങളോളം എന്റെ ഭാര്യയെ ഒന്നു സ്പര്‍ശിച്ചിട്ടുകൂടിയല്ല. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് ഒരു മകന്‍ പിറക്കുന്നത്. ഇതിനെല്ലാം കാരണം അരുണദീദിയുമായി ബന്ധപ്പെട്ട് ആകസ്മികമായുണ്ടായ ആ സംഭവമാണ്.'
സോഹന്‍ലാല്‍ പറയുന്ന ആ ആകസ്മികസംഭവം ഉണ്ടാകുന്നത് 1973 നവംബര്‍ 27നാണ്. മുംബൈ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയിലെ നഴ്‌സായ അരുണ ഷാന്‍ബാഗിനെ അവിടുത്തെ അറ്റന്ററായിരുന്ന സോഹന്‍ലാല്‍ നായ്ക്കളെ കെട്ടാനുപയോഗിക്കുന്ന ചങ്ങലകൊണ്ട് വലിഞ്ഞുമുറുക്കി പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാലുദശാബ്ദത്തോളം കിടക്കയിലായിരുന്ന അരുണ ഇക്കഴിഞ്ഞ മെയ് പതിനെട്ടിനാണ് മരണപ്പെടുന്നത്.
ഈ സംഭവത്തെതുടര്‍ന്ന രണ്ടുകേസുകളിലായി പത്തുവര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട സോഹന്‍ലാലിന്റെ പേരില്‍ ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നില്ല. പത്ത വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോഹന്‍ലാല്‍ അപ്രത്യക്ഷനാകുകയായിരുന്നു. ക്ഷയം വന്ന് മരണപ്പെട്ടെന്നും ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉണ്ടെന്നും അതല്ല എയ്ഡ്‌സ് ബാധിതനാണെന്നും അങ്ങനെ നിരവധി വാര്‍ത്തകളാണ് അക്കാലത്ത് സോഹന്‍ലാലിനെ കുറിച്ച് പുറത്തുവന്നത്.
മാധ്യമങ്ങളില്‍ തന്നെ കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ കത്തിപടരുമ്പോള്‍ ഡാഡുപൂരിലെ കുടുംബവീട്ടിലായിരുന്നു സോഹന്‍ലാല്‍. പിന്നീട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഗ്രാമപ്രദേശമായ പര്‍പ്പയിലെ ഭാര്യവീട്ടിലേക്ക് താമസം മാറ്റി. വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പവര്‍പ്ലാന്റില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ജീവിക്കുകയാണ് സോഹന്‍ലാല്‍. ഒരു ദിവസം 261 രൂപയാണ് വേതനം. ജോലിസ്ഥലത്തേക്ക് 25 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് യാത്ര. രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്ന സോഹന്‍ലാല്‍ വൈകുന്നേരം എട്ടുമണിയോടെയാണ് തിരിച്ചെത്തുക. അതുകൊണ്ടുതന്നെ തനിക്കുചുറ്റുമുള്ള ലോകത്ത് നടക്കുന്നതൊന്നും ഇയാള്‍ അറിയാറില്ല. അതിനായി ശ്രമിക്കാറുമില്ല.
അരുണയുടെ മരണത്തെ തുടര്‍ന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ഇയാളെ തേടിച്ചെന്നപ്പോഴാണ് തന്റെ ഇരയോട് ഒടുവില്‍ മരണം കനിവുകാട്ടിയത് ഇയാള്‍ അറിയുന്നത്. രണ്ടുമുറികളുളള സോഹന്‍ലാലിന്റെ വീട്ടിലെ ടിവി പണിമുടക്കിയിരിക്കുകയാണ്. മാത്രമല്ല ഒരാഴ്ചയിലേറെയായി പര്‍പ്പയില്‍ വൈദ്യൂതിയും കഷ്ടമാണ്. പത്രം വായിക്കുന്നതിനായി സോഹന്‍ലാലിന്റെ വീട്ടുകാര്‍ മെനക്കെടാറുമില്ല. പിന്നെ എങ്ങനെ വാര്‍ത്തയറിയാന്‍. വാര്‍ത്തകളറിയാന്‍ ഇയാള്‍ക്ക് താല്പര്യമില്ലെങ്കിലും ഇയാളെ കുറിച്ചറിയാന്‍ ലോകത്തിനുളള താല്പര്യമാണ് ആ പത്രപ്രവര്‍ത്തകനെ സോഹന്‍ലാലിന് മുമ്പില്‍ എത്തിച്ചത്.
പുറംലോകത്ത് നിന്നൊഴിഞ്ഞുമാറി ഭാര്യക്കും രണ്ടാണ്‍മക്കള്‍ക്കുമൊപ്പം ശിഷ്ടജീവിതം ജീവിച്ചു തീര്‍ക്കുകയാണ് അയാള്‍. ആണ്‍മക്കള്‍ക്കുപുറമേ ഒരു പെണ്‍കുട്ടി കൂടിയുണ്ട്, മൂന്നുപേരക്കിടാങ്ങളും. മകളെ വിവാഹം ചെയ്തയച്ചു. അരുണയുടെ മരണവാര്‍ത്ത അറിഞ്ഞില്ലെങ്കിലും തന്നെ കുറിച്ചുവന്ന വാര്‍ത്തകളെല്ലാം ഇയാള്‍ അറിയുന്നുണ്ടായിരുന്നു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ മകന്‍ വന്ന് പറയുന്നത് കേട്ട് ഭാര്യ കരഞ്ഞിരുന്നത് ഓര്‍ത്ത സോഹന്‍ലാല്‍ ആ വാര്‍ത്തകളെല്ലാം നിഷേധിക്കാനും മറന്നില്ല.'ആ സംഭവത്തിന് ശേഷം പത്തുവര്‍ഷത്തോളം തനിക്ക് ശരിക്ക് ഉറങ്ങാന്‍പോലും സാധിച്ചിരുന്നില്ല. പലപ്പോഴും മരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിച്ചുണ്ട്. ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.' തന്നെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ സോഹന്‍ലാല്‍ പറയുന്നു.
ഞാനവരെ ബലാത്സംഗം ചെയ്തിട്ടില്ല. പോലീസുകാര്‍ മര്‍ദ്ദിച്ച് എന്നെക്കൊണ്ട് അങ്ങനെ പറയിച്ചതാണ്. അത് ചെയതത് മറ്റാരോ ആണെന്ന് അവകാശപ്പെടുന്ന സോഹന്‍ലാല്‍ കുറച്ചു കഴിയുമ്പോള്‍ അതേ കുറിച്ച് തനിക്കൊന്നും ഓര്‍മ്മയില്ലെന്നും പറയുന്നുണ്ട്.
അരുണാദീദി എന്ന് സോഹന്‍ലാല്‍ വിളിക്കുന്ന അരുണയുമായി അത്ര നല്ല ബന്ധമായിരുന്നില്ല അയാള്‍ക്കുണ്ടായിരുന്നത്. നായ്ക്കളെ പേടിയാണെന്നറിഞ്ഞിട്ടും എപ്പോഴും അവക്ക് തീറ്റ നല്‍കുന്നതിനും അവയെ കൂട്ടിലാക്കുന്നതിനും അരുണ സോഹന്‍ലാലിനെ നിര്‍ബന്ധിച്ചിരുന്നുവത്രേ. ഇതേ കുറിച്ച് ഡോക്ടര്‍മാരോട് പലതവണ പരാതിപ്പെട്ടു, ഒടുവില്‍ ട്രാന്‍സ്ഫറിന് ശ്രമിച്ചു. പക്ഷേ ഒരു അറ്റന്‍ഡറുടെ വാക്കുകള്‍ ആരു ചെവികൊള്ളാന്‍ അയാള്‍ ചോദിക്കുന്നു. അരുണയുടേയും തന്റെ തന്നെയും ജീവിതം തകര്‍ത്ത ആ ദിവസം എന്നാണെന്ന് അയാള്‍ക്ക് കൃത്യമായി ഓര്‍മ്മയില്ല. സുഖമില്ലാത്ത ഭാര്യയുടെ അമ്മയെ കാണാന്‍ പോകുന്നതിന് വേണ്ടി കുറച്ച് ദിവസത്തെ അവധി ചോദിക്കാനാണ് അയാള്‍ അന്ന് അരുണയെ കാണാന്‍ പോയത്. എന്നാല്‍ അയാള്‍ക്ക് അവധി നല്‍കാന്‍ അരുണ വിസമ്മതിച്ചു. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ നായ്ക്കളുടെ ഭക്ഷണം മോഷ്ടിക്കുന്നുണ്ടെന്നും ജോലിയില്‍ ഉഴപ്പുന്നുണ്ടെന്നും കാണിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെടുമെന്ന് അരുണ പറഞ്ഞു.
'നായ്ക്കളെ പേടിയുള്ള ഞാന്‍ എങ്ങനെ അവരുടെ ഭക്ഷണം മോഷ്ടിക്കും. ഡ്യൂട്ടി സമയത്ത് വാര്‍ഡ് ബോയ്‌സിനൊപ്പവും നഴ്‌സുമാര്‍ക്കൊപ്പവും അരുണ കാര്‍ഡുകളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കെതിരെ പരാതിപ്പെട്ടാല്‍ ഇക്കാര്യം സൂപ്പര്‍വൈസറെ അറിയിക്കുമെന്ന് അരുണദീദിയോട് ഞാന്‍ പറഞ്ഞു. അതോടെ വാക്കേറ്റമായി അവസാനം അത് കയ്യാങ്കളിയിലെത്തി. അപ്പോഴത്തെ അരിശത്തിന്റെ പുറത്ത് എന്തൊക്കെയാണ് ചെയതതെന്ന് ഞാനോര്‍ക്കുന്നില്ല.' സോഹന്‍ പറയുന്നു.
'അദ്ദേഹം ഒരിക്കലും കേസിനെ കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളും ഒന്നും ചോദിച്ചിട്ടില്ല. ഞങ്ങളുടെ ജീവിതം അദ്ദേഹം നശിപ്പിച്ചതിനെ കുറിച്ച് അമ്മാവന്മാര്‍ പലപ്പോഴും സംസാരിക്കാറുണ്ട്.' സോഹന്‍ലാലിന്റെ മൂത്തമകന്‍ കിഷന്‍ പറഞ്ഞു. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് അരുണയുടെ ദയാവധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയിച്ചപ്പോള്‍ രണ്ടുനേരം പ്രാര്‍ത്ഥിച്ചിരുന്ന പിതാവ് അഞ്ചും ആറും തവണ പ്രാര്‍ത്ഥനയില്‍ മുഴുകുന്നത് കണ്ടതായും സുപ്രീംകോടതി ദയാവധത്തിനുള്ള അപേക്ഷ നിരസിച്ചതോടെയാണ് സോഹന്‍ലാല്‍ പഴയപോലെ ആയതെന്നും കിഷന്‍ ഓര്‍ക്കുന്നു.
പക്ഷേ ഇളയമകന്‍ രവീന്ദ്ര അച്ഛനോട് ഇനിയും ക്ഷമിച്ചിട്ടില്ല. പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ അമ്മ പറഞ്ഞാണ് കേസിനെ കുറിച്ച് രവീന്ദ്ര അറിയുന്നത്. മാധ്യമങ്ങള്‍ സംഭവത്തെ ഊതിപ്പെരുപ്പിക്കുന്നതാണെന്നും അച്ഛന് മാപ്പുനല്‍കണമെന്നും അമ്മ രവീന്ദ്രയോട് ആവശ്യപ്പെട്ടു. ' അയാള്‍ ഒരിക്കലും എന്നെ സ്‌കൂളില്‍ പോകാന്‍ അനുവദിച്ചിട്ടില്ല, എനിക്കെന്റെ പേര് പോലും എഴുതാന്‍ അറിയില്ല. പിന്നെങ്ങനെ മാപ്പുനല്‍കാനാകും?' രവീന്ദ്ര ചോദിക്കുന്നു.
ഒരു സ്ത്രീയെ മാനുഷിക പരിഗണന പോലും നല്‍കാതെ പിച്ചിക്കീറി മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എറിഞ്ഞിട്ടുപോയ സോഹന്‍ലാലിനോട് പൊറുക്കാന്‍ ഒരു വിശാലമനസ്സ് തന്നെ വേണം. എങ്കിലും പശ്ചാതാപം തോന്നുന്നു എന്ന വാക്കുകള്‍ ചെയ്ത തെറ്റിനെകുറിച്ച് അയാള്‍ ബോധവാനാണെന്ന ഒരാശ്വാസം കൂടി നല്‍കുന്നുണ്ട്. കാരണം അത് കേള്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്നത് ഡല്‍ഹിബലാത്സംഗക്കേസിലെ മുകേഷ് സിംഗിനെയാണ്.
Source:Mathrubhumi
0 comments:
Post a Comment