എതിർശബ്ദം ഉയരുന്നത് വിഭാഗീയതയല്ല: വി.എസ്

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദൻ രംഗത്ത്. പാർട്ടി നേതൃത്വത്തിനെതിരെ എതിർ ശബ്ദം ഉയരുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ വിഭാഗീയതയായി കാണേണ്ടതില്ല. വിഭാഗീയത എന്ന് പറയുന്നത് എതിരാളികളെ സഹായിക്കാനാണെന്നും വി.എസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിഷയത്തിലായിരുന്നു വി.എസിന്റെ പ്രതികരണം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വി.എസ് വിമർശിച്ചു. പഴയ സെക്രട്ടറിയുടെ നിലപാടിനോട് സമാനമായ നിലപാടുകൾ കോടിയേരിക്കുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായ പ്രകടനങ്ങൾ ഇതാണ് സൂചിപ്പിക്കുന്നതെന്നും വി.എസ് പറഞ്ഞു.

മതനിരപേക്ഷ കക്ഷികളായ ആർ.എസ്.പിയേയും വീരേന്ദ്ര കുമാർ പക്ഷത്തേയും ഇടതുമുന്നണിയിൽ അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു. അവരെ തിരിച്ചു കൊണ്ടുവരാൻ മുൻകൈ എടുക്കും. 2004നു ശേഷം വന്ന നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ശിഥിലീകരണത്തിന് കാരണം. വീരേന്ദ്ര കുമാറിന് അർഹിച്ച സീറ്റ് നൽകിയില്ല. വർഗീയ പാർട്ടികളെ കൂട്ടുപിടിച്ച നേതൃത്വം ഇടത് മുന്നണിയിൽ ഉണ്ടായിരുന്നവർക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. നേതാക്കളുടെ വാലായി നിൽക്കുന്ന ചിലർ ഇപ്പോഴും ആർ.എസ്.പിയെ വിമർശിക്കുകയാണെന്നും വി.എസ് പറഞ്ഞു.

0 comments:

Post a Comment