രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് ഒരിക്കലും നല്ല ദിനം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി

മഥുര: രാജ്യത്തെ കൊളളയടിച്ചവര്‍ക്ക് ഒരിക്കലും താന്‍ നല്ല ദിവസങ്ങള്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് നല്ല ദിനങ്ങള്‍ ഇനിയും എത്തിയില്ലെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മഥുരയില്‍ സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന് മറുപടി നല്‍കിയത്.

ഇവിടെ ഇപ്പോഴും നല്ല ദിനങ്ങള്‍ ഉണ്ട്. പക്ഷെ ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ കണ്ണുവെച്ചിരിക്കുന്നചിലര്‍ക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം. ദാരിദ്ര്യത്തിനെതിരേ പോരാടുന്ന ഒരു സൈന്യത്തെയാണ് താന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പാവങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും അവരുടെ വികസനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തുണ്ടായ മാറ്റം കോണ്‍ഗ്രസ് അധികാരത്തിലിരുന്നാല്‍ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. 365 ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ പരിശോധിക്കാന്‍ പോലും 365 മണിക്കൂര്‍ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന് വോട്ടു ചെയ്തില്ലായിരുന്നെങ്കില്‍ രാജ്യത്തെ നാണയപ്പെരുപ്പം എവിടെയെത്തുമെന്ന് ചിന്തിക്കാന്‍ പോലും പ്രയാസമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിദേശ നിക്ഷേപം എട്ട് മടങ്ങ് വര്‍ധിച്ച് 25,000 കോടി രൂപയിലെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.

ട്രഷറികളില്‍ നിന്നും ഇടനിലക്കാര്‍ കൊള്ളയടിക്കുന്ന കാലം കഴിഞ്ഞു. സബ്‌സിഡികള്‍ നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തിക്കുക വഴി ഈ ഇടനിലക്കാരുടെ സാന്നിധ്യമാണ് ഒഴിവാക്കിയത്. ഞങ്ങള്‍ കൊള്ളയടിച്ചു, നിങ്ങളും കൊള്ളയടിച്ചിട്ടു പൊയ്‌ക്കോ എന്നാണ് ചിലര്‍ പറയുന്നതെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ആത്മഹത്യ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല വേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷത്തിന് ശേഷവും കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ചിന്തിക്കേണ്ടത്. മൂന്ന് ലക്ഷത്തിലധികം കര്‍ഷകരാണ് ഇതിനോടകം രാജ്യത്ത് ജീവനൊടുക്കിയത്. ആരാണ് ഉത്തരവാദിയെന്നോ എത്ര പേര്‍ മരിച്ചുവെന്നോ ചര്‍ച്ച ചെയ്യാന്‍ താനില്ല. കര്‍ഷകര്‍ക്ക് മതിയായ ഭൂമിയും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്ത് വളത്തിന്റെ ഉല്‍പാദനം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് വേണ്ടിയാണ്.

100 വര്‍ഷത്തിനിടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൂന്ന് പേരാണ് സ്വാധീനിച്ചത്. മഹാത്മാ ഗാന്ധിയും റാം മനോഹര്‍ ലോഹ്യയും ദീന്‍ ദയാല്‍ ഉപാധ്യായയും. ഈ മൂന്നുപേരുടെയും ചിന്താഗതിയില്‍ ഒരേപോലെ ഉണ്ടായിരുന്നത് ഇന്ത്യയിലെ ദരിദ്രജനതയും ഗ്രാമങ്ങളും കര്‍ഷകരുമാണ്. ക്ഷീണമറിയാതെ യാത്ര തുടരാനാണ് ദീന്‍ ദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുളളതെന്നും നരേന്ദ്രമോദി പറഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടിലുളളവരാണ് ഈ സര്‍ക്കാരിനെ കര്‍മ്മനിരതരാകാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരുടെ വരുമാനത്തെക്കുറിച്ച് മുന്‍ സര്‍ക്കാര്‍ ചിന്തിച്ചിരുന്നില്ല. താന്‍ അധികാരത്തിലെത്തിയപ്പോള്‍ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ടില്‍ അവകാശികളില്ലാത്ത 27,000 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. അത് പാവങ്ങളുടെ പണമാണ്. ഇന്ന് അക്കൗണ്ടുകള്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ജോലി വിട്ടുപോകുമ്പോള്‍ ഈ പണവും കൃത്യമായി കൈകളിലെത്തും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ലക്ഷം വിനോദസഞ്ചാരികളാണ് രാജ്യം സന്ദര്‍ശിച്ചത്. യുവാക്കള്‍ക്ക് ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിച്ചു. ഭാരതത്തില്‍ ആറ് കോടി ചെറുകിട ബിസിനസുകാരാണ് ഉള്ളത്. ഇവര്‍ പന്ത്രണ്ട് കോടിയോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ നിമിഷവും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഭാരതത്തിന് വേണ്ടി പുതിയ പരിഹാരങ്ങള്‍ തേടുകയുമാണ് തന്റെ സര്‍ക്കാര്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.

0 comments:

Post a Comment