അത്ഭുത ഗോളുമായി മെസ്സി - ബാര്‍സലോണക്ക് കിങ്‌സ് കപ്പ് കിരീടം

'അത്ഭുത ഗോള്‍' അടക്കം ലയണല്‍ മെസ്സിയുടെ ഇരട്ട പ്രഹരത്തിന്റെയും മികച്ച ടീം വര്‍ക്കിന്റെയും പിന്‍ബലത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്ത് ബാര്‍സലോണ സ്പാനിഷ് കിങ്‌സ് കപ്പ് (കോപ ദെല്‍ റേ) സ്വന്തമാക്കി. അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ നേരിടാനൊരുങ്ങുന്ന ബാര്‍സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി സീസണിലെ രണ്ടാമത്തെ ആഭ്യന്തര കിരീടം. സ്പാനിഷ് ചാമ്പ്യന്മാരായ ബാര്‍സ ഇത് 27-ാം തവണയാണ് കിങ്‌സ് കപ്പ് നേടുന്നത്.
 
2009-ലും 2012-ലുമേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനെത്തിയ അത്‌ലറ്റിക്കിനെ തീര്‍ത്തും അപ്രസക്തമാക്കുന്ന രീതിയിലായിരുന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാര്‍സയുടെ പ്രകടനം. പത്താം മിനുട്ടില്‍ മെസ്സിയുടെ തകര്‍പ്പന്‍ ആര്‍ച്ച് പാസില്‍ നിന്ന് നെയ്മര്‍ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡ് കൊടി ഗോള്‍ നിഷേധിക്കുകയായിരുന്നു. പത്തു മിനുട്ടിനു ശേഷമായിരുന്നു മധ്യവരക്കു സമീപത്തുനിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് മുന്നേറിക്കൊണ്ടുള്ള മെസ്സിയുടെ തകര്‍പ്പന്‍ സോളോ ഗോള്‍. ഡാനി ആല്‍വസില്‍ നിന്ന് പന്ത് സ്വീകരിച്ച ശേഷം തന്നെ വളഞ്ഞുനിന്ന മൂന്നു പ്രതിരോധക്കാരെ നിരായുധരാക്കി കുതിച്ച മെസ്സി തടയാനെത്തിയവരെയും കബളിപ്പിച്ച് ബോക്‌സില്‍ കയറിയാണ് വെടിപൊട്ടിച്ചത്. 2010-ല്‍ ഗെറ്റാഫെക്കെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്.
 
37-ാം മിനുട്ടില്‍ ടിക്കിടാക്ക നീക്കങ്ങള്‍ക്കൊടുവില്‍ നെയ്മര്‍ ലീഡുയര്‍ത്തി. റാകിറ്റിചിന്റെ മുന്നോട്ടുള്ള പാസ് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് സ്വീകരിച്ച സുവാരസ് ഗോള്‍മുഖത്തിനു സമാന്തരമായി നല്‍കിയപ്പോള്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ചുമതലയേ ബ്രസീലുകാരനുണ്ടായിരുന്നുള്ളൂ.
 
74-ാം മിനുട്ടില്‍ എതിര്‍പ്രതിരോധത്തെ ഞെട്ടിച്ച് മെസ്സി മത്സരത്തിലെ മൂന്നാം ഗോളും നേടി. ബോക്‌സിന്റെ വലതുഭാഗത്തുനിന്നുള്ള ഡാനി ആല്‍വസിന്റെ പാസ്, ഇടതുഭാഗത്തു നിന്ന് കുതിച്ചെത്തിയാണ് മെസ്സി ഫിനിഷ് ചെയ്തത്.
 
79-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ ഇന്യാകി വില്യംസ് ആണ് അത്‌ലറ്റിക്കിന്റെ ആശ്വാസ ഗോള്‍ നേടിയത്.
 

Barcelona win their 27th Spanish Cup in a relatively comfortable 3-1 win over Athletic Bilbao at Camp Nou. Lionel Messi opened the scoring in the first period with a goal of the very highest order and subsequent strikes from Neymar and another from the Argentine was enough to cancel out Inaki William's consolation.

0 comments:

Post a Comment