മണി എക്സ്ചേഞ്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച വനിതയ്ക്ക് ഏഴ് വര്‍ഷം തടവ്

ദുബായ്: അബുദാബിയിലെ ഒരു മണി എക്‌സ്‌ചേഞ്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച വനിതയ്ക്ക് ഏഴ് വര്‍ഷം തടവ്. പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കൊള്ളയടിക്കാനായിരുന്നു സ്ത്രീയുടെ ശ്രമം. കഴിഞ്ഞ മാര്‍ച്ചിലാണ് അബുദാബിയിലെ ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനം കൊള്ളയടിക്കാനുള്ള ശ്രമം നടന്നത്. കറുത്ത അബായയും ഗ്ലൗസും ധരിച്ച് മുഖം മറച്ചെത്തിയ സ്ത്രീ തോക്ക് ചൂണ്ടി സ്ഥാപനത്തിലെ ജീവനക്കാരോട് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു ജീവനക്കാരന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ഈ നീക്കം പൊളിച്ചത്. സ്ത്രീയില്‍ നിന്ന് തോക്ക് പിടിച്ച് വാങ്ങിയ അയാള്‍ പിന്നെ ജീവനക്കാരുടെ സഹായത്താല്‍ സ്ത്രീയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി.

ഫിലിപ്പൈന്‍സ് സ്വദേശിയായ 33 കാരിയായിരുന്നു കൊള്ളശ്രമത്തിന് പിന്നില്‍. ഈ കേസില്‍ സ്ത്രീയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കാന്‍ കോടതി വിധിച്ചു. യു.എ.ഇയില്‍ അനധികൃതമായി താമസിച്ചതിന് രണ്ട് മാസം തടവും ഇതോടൊപ്പം അനുഭവിക്കണം. ശിക്ഷ കഴിഞ്ഞതിന് ശേഷം നാടു കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.തന്റെ കടം വീട്ടാനാണത്രെ സ്ത്രീ തോക്കു ചൂണ്ടി കവര്‍ച്ചയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

തട്ടിപ്പിന് ശ്രമിച്ച ദിവസം രണ്ട് തവണ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ ഇവര്‍ വന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആദ്യം 10,000 യൂറോ മാറാനുണ്ടെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്. എക്‌സ്‌ചേഞ്ചില്‍ പണമുണ്ടെന്ന് ഉറപ്പ് വരുത്തിയ അവര്‍ അവിടെ നിന്ന് പോവുകയും കളിത്തോക്കുമായി മോഷണത്തിനായി എത്തുകയുമായിരുന്നു.

0 comments:

Post a Comment