തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കും. നിലവില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണ് എം വിജയകുമാര്‍.
സ്പീക്കറായിരുന്ന ജി. കാർത്തികേയൻ അന്തരിച്ചതിനെ തുടർന്നാണ് അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 27നാണ് അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജി. കാർത്തികേയന്റെ ഭാര്യ സുലേഖയുടെ പേരാണ് യുഡിഎഫ് ക്യാംപില്‍ സജീവമായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമകാര്യമന്ത്രിയും ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്തു നിയമസഭാ സ്പീക്കറുമായിരുന്നു എം വിജയകുമാര്‍. 1987 ൽ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ എം.വിജയകുമാര്‍ ജി. കാര്‍ത്തികേയനെ തോല്‍പ്പിച്ച ചരിത്രവുമുണ്ട്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു എം വിജയകുമാര്‍.
അതേസമയം മെയ് 31-ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തോടെ അരുവിക്കരയിലെ സ്ഥാനാർഥിയെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
0 comments:
Post a Comment